കോപ്പൻഹേഗൻ: ഉത്തരധ്രുവ മേഖലയിൽ സുരക്ഷ വർധിപ്പിക്കാനായി യൂറോപ്യൻ രാജ്യങ്ങൾ ഗ്രീൻലാൻഡിൽ സൈന്യത്തെ വിന്യസിക്കുന്നു. ഡെന്മാർക്കിലെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡിനെ സ്വന്തമാക്കാൻ അമേരിക്കയിലെ ട്രംപ് ഭരണകൂടം ശ്രമിക്കുന്നതിനിടെയാണ് ഈ നീക്കം.
ഗ്രീൻലാൻഡിന്റെയും ഉത്തരധ്രുവത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ യൂറോപ്യൻ രാജ്യങ്ങൾക്കു കഴിയുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപിനെ ബോധ്യപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നു പറയുന്നു.
അമേരിക്കയുടെ ഭാഗമായില്ലെങ്കിൽ റഷ്യയും ചൈനയും ഗ്രീൻലാൻഡിനെ സ്വന്തമാക്കുമെന്നാണു ട്രംപ് പറയുന്നത്. ഗ്രീൻലാൻഡിനെ വില കൊടുത്തു വാങ്ങിയോ സൈനിക നടപടിയിലൂടെയോ അമേരിക്കയോടു കൂട്ടിച്ചേർക്കുമെന്നാണ് ട്രംപിന്റെ നിലപാട്. രണ്ടും അംഗീകരിക്കില്ലെന്ന് ഡെന്മാർക്കും ഗ്രീൻലാൻഡും വ്യക്തമാക്കിയിട്ടുണ്ട്.
ജർമനി, ഫ്രാൻസ്, സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ ഗ്രീൻലാൻഡിലേക്കു സൈന്യത്തെ അയയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ജർമൻ സേനയിലെ 13 പേർ ഇന്നലെയെത്തി. സൈനികരുടെ എണ്ണം കുറവാണെങ്കിലും യൂറോപ്യൻ രാജ്യങ്ങളുടെ നീക്കം ട്രംപിനുള്ള വ്യക്തമായ സന്ദേശമാണ്. ഈ യൂറോപ്യൻ രാജ്യങ്ങൾ ഈ വർഷം ഗ്രീൻലാൻഡിൽ വൻ സൈനികാഭ്യാസം നടത്തുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ഇതിനിടെ ഡാനിഷ് വിദേശകാര്യമന്ത്രി ലാർസ് ലോക്കി റാസ്മുസെനും ഗ്രീൻലാൻഡ് വിദേശകാര്യമന്ത്രി വിവിയൻ മോട്സ്ഫെൽറ്റും വൈറ്റ്ഹൗസിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായും നടത്തിയ ചർച്ചയിൽ പ്രശ്നപരിഹാരത്തിനു സഹായകമായ നീക്കങ്ങളൊന്നും ഉണ്ടായില്ല.
ഗ്രീൻലാൻഡ് വേണമെന്ന നിലപാടിൽ വിട്ടുവീഴ്ച ചെയ്യാൻ അമേരിക്കൻ പക്ഷം തയാറായില്ല. അമേരിക്കൻ നീക്കം പരമാധികാരത്തിന്മേൽ കൈവയ്ക്കലാണെന്ന് ഡെന്മാർക്കും ഗ്രീൻലാൻഡും മറുപടി നല്കി. ഗ്രീൻലാൻഡ് വിഷയത്തിൽ ബന്ധപ്പെട്ട രാജ്യങ്ങളെ ഉൾക്കൊള്ളിച്ച് പ്രവർത്തനസമിതി രൂപവത്കരിക്കാൻ ധാരണയായി.